ഇടുക്കി: നഴ്സിംഗ് കോളജ് വിദ്യാർഥികൾക്ക് താമസസൗകര്യം ഒരുക്കാൻ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. മെഡിക്കൽ കോളജ്, നഴ്സിംഗ് കോളജ് അധികൃതർ, വിദ്യാർഥി പ്രതിനിധികൾ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
പൈനാവിലെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ 32 മുറികളിൽ ഒഴിഞ്ഞുകിടക്കുന്ന 16 മുറികളിൽ പെണ്‍കുട്ടികളെ താമസിപ്പിക്കും.
മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥികളുടെ ഹോസ്റ്റലിൽ 18 മുറികൾ ഒഴിവുണ്ട്. ഒരു മുറിയിൽ നാലു കുട്ടികൾ വീതം 72 വിദ്യാർഥികളെ ഈ മുറികളിൽ താമസിപ്പിക്കാനാകും.
നിലവിൽ മറ്റ് സ്ഥലങ്ങളിലായി താമസിക്കുന്ന മുഴുവൻ പെണ്‍കുട്ടികളെയും ഈ രണ്ടു സ്ഥലങ്ങളിലായി താമസിപ്പിക്കും.
ബാക്കിയുള്ള 12 ആണ്‍കുട്ടികളെ മെഡിക്കൽ കോളജിലെ ജീവനക്കാരുടെ ക്വാർട്ടേഴ്സിലേക്ക് ഇവരെ താമസിപ്പിക്കാൻ ധാരണയായി.
മെഡിക്കൽ കോളജിലെ എൻജിഒ ക്വാർട്ടേഴ്സിന്റെയും ഹൗസ് സർജൻസ് ക്വാർട്ടേഴ്സിന്റെയും നിർമാണം ഡിസംബർ അവസാനത്തോടെ പൂർത്തിയാകും.
ഇതിനു ശേഷമായിരിക്കും ആണ്‍കുട്ടികളെ മെഡിക്കൽ കോളജ് ജീവനക്കാർ നിലവിൽ താമസിക്കുന്ന ക്വാർട്ടേഴ്സിലേക്ക് മാറ്റുകയെന്നും ജില്ലാ കളക്ടർ അറിയിച്ചു.